ഭാരത അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്താൽ അനുഗ്രഹീതമായ പാലയൂർ ഇടവകയിൽ ഉൾപ്പെട്ടിരുന്ന വൈലത്തൂരിലും പരിസരങ്ങളിലും ശക്തമായൊരു ക്രൈസ്തവ സാന്നിദ്ധ്യം ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ നിലനിന്നിരുന്നതായി ചരിത്രം സാക്ഷ്യം വഹിക്കുന്നു .വന്നേരി നാട്ടുക്കാരായ ഇവിടത്തെ സുറിയാനി കത്തോലിക്കർ 1882 ൽ , ദിവ്യശ്രീ തലക്കോട്ടൂർ കുരിയാക്കോസ് അച്ചന്റെ നേതൃത്വത്തിൽ വൈലത്തൂരിൽ പുതിയൊരു ദേവാലയം സ്ഥാപിച്ചതിൽ ദൈവപരിപാലനയുടെ അനന്തത ദർശിക്കുന്നു .
ബഹു.കുരിയാക്കോസ് അച്ചനാൽ വിരചിതമായതും കൊല്ലവർഷം 1085 ൽ പ്രസിദ്ധീകരിച്ചതുമായ “ മലബാറിലെ പൂർവ്വിക ക്രിസ്ത്യാനികൾ ” എന്ന ഗ്രന്ഥത്തിൽ ഇവിടത്തെ ക്രിസ്ത്യാനികളെ “ മഹാതോർ പട്ടണത്ത് ( കൊടുങ്ങല്ലൂർ ) നസ്രാണി ” എന്ന് വിളിച്ചു വന്നിരുന്ന കാര്യം ഒരു ആധാരപകർപ്പിൽ നിന്ന് ഉദ്ധരിക്കുന്നു . പൊന്നാനി താലൂക്ക് വൈലത്തർ അംശം ദേശത്ത് മഹാതേവർ പട്ടണത്ത് നസ്രാണി തലക്കോട്ടുർ തോമ മകൻ ഇയ്യുണ്ണി എന്നാണ് എഴുതിയിരിക്കുന്നത് . പണ്ടുകാലത്ത് വൈലത്തൂരിന് തൊട്ടുകിടക്കുന്ന കല്ലൂർ ദേശത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നതിനാലും ബഹു.തലക്കോട്ടൂർ കുര്യാക്കോസ് അച്ചൻ കല്ലൂർ ദേശത്ത് നിവാസിയായിരുന്നതിനാലും , പ്രസ്തുത ദേവാലയത്തെ വൈലത്തൂർ കല്ലൂർ പള്ളി എന്നും ദേശത്തെ പട്ടക്കാരനെ “ കല്ലൂക്കാരൻ അച്ചൻ എന്നും അറിയപ്പെട്ടിരുന്നു .
പള്ളി സ്ഥാപിക്കാൻ ജന്മാവകാശം സിദ്ധിച്ച ആധാരപ്രകാരം “ പൊന്നാനി താലൂക്ക്
വൈലത്തൂർ അംശം ദേശത്ത് കടലായിൽ മൂർത്തി ശ്രീധരൻ നമ്പൂതിരി പാട് മകൻ മൂർത്തി ശ്രീധരൻ
നമ്പൂതിരിപ്പാട് മകൻ മൂർത്തി ശ്രീധരൻ നമ്പൂതിരിപ്പാടും മുത്തശ്ശി സാവിത്രി
അന്തർജ്ജനവും ഭാര്യ ഗൗരി അന്തർജ്ജനവും കൂടി തലക്കാട്ടുർ വറിയത് മകൻ പാലയൂർ അംശ
ദേശത്ത് പാലയൂർ പള്ളിയിൽ കുരിയാക്കോസ് ശെമ്മാശന് ഒരു ക്രിസ്ത്യൻ പള്ളി
വെയ്ക്കേണ്ടുന്ന ആവശ്യത്തിന് ഇന്നകൊല്ലം 1057 വൃശ്ചികം 8 ന് എഴുതിക്കൊടുത്ത
അട്ടിപ്പേറാധാരമാവിത് എന്നു കാണുന്നു . പള്ളി സ്ഥാപനത്തിന് അനുവാദം ലഭിച്ചത്
അക്കാലത്ത് മലബാർ വികാരിയത്തിനെ ഭരിച്ചിരുന്ന അഭിവന്ദ്യ ലെയനാർഡ് മെല്ലാനോ
മെത്രാനായിരിക്കും എന്ന് അനുമാനിക്കുന്നു . ഈ കാലഘട്ടത്തിൽ സുറിയാനി കത്തോലിക്കർ
മേലൂസ് ശീൾമയിലൂടെ കടന്നു പോയതിനാലും 1838 ന് കൊടുങ്ങല്ലൂർ രൂപത നിർത്തലാക്കി
വരാപ്പുഴ മെത്രാനച്ചന്റെ ഭരണത്തിന് കീഴിൽ പാലയൂർ ഉൾപ്പെടെ വന്നതുകൊണ്ടും ഇതിന്
സാധ്യത കൂടുതൽ കാണുന്നു .
1882 ൽ പാലയൂർ നിന്ന് പുതുതായി രൂപം കൊണ്ട് ദേവാലയത്തിലേക്ക് ഇടവക
മാറിയപ്പോൾ അന്നത്തെ പാലയൂർ പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ വി.കുര്യാക്കോസ് സഹദായുടെ
തിരുസ്വരൂപം ആഘോഷപൂർവ്വം അവിടെ നിന്ന് കൊണ്ടു വന്ന് പ്രതിഷ്ഠിക്കയായിരുന്നു .
പോർച്ചുഗീസ് സഞ്ചാരികൾ കൊടുങ്ങല്ലൂരിൽ പണിതുകണ്ട് മൂന്ന് പള്ളികളിൽ ഒന്ന് പരി
ശുദ്ധ കന്യക മാതാവിനും മറ്റൊന്ന് വി.തോമാശ്ലീഹയ്ക്കും ഒന്ന് വി.കുരിയാക്കോസ്
സഹദയ്ക്കും പ്രതിഷ്ഠിതമായിരുന്നു എന്നതിൽ നിന്ന് വിശുദ്ധനോട് എത്രമാത്രം
ഭക്ത്യാദരവുകൾ പണ്ട് മുതൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം . ഇന്നും പാലയൂർ ,
ആർത്താറ്റ് , കുന്നംകുളം തുടങ്ങിയ പുരാതനക്രൈസ്തവ കേന്ദ്രങ്ങളിൽ വി.കുരിയാക്കോസ്
സഹദയോടുള്ള ഭക്തി വളരെ പ്രസിദ്ധമാണ് .
ആദ്യ ദേവാലയം പുതുക്കി പണിയുന്നതിന്റെ തറക്കല്ലിടൽ 1917 ൽ തൃശ്ശൂർ വികാരി
അപ്പസ്തോലിക്ക അഭിവന്ദ്യ മാർ യോഹന്നാൻ മേനാച്ചേരി മെത്രാൻ തിരുമനസ്സു കൊണ്ട്
നിർവ്വഹിക്കുകയും 1929 ൽ അഭിവന്ദ്യ മാർ ഫ്രാൻസീസ് വാഴപ്പിള്ളി മെത്രാൻ കൂദാശ
നിർവ്വഹിക്കുകയും ഉണ്ടായി . 12 വർഷം നീണ്ടുനിന്ന ദേവാലയ നിർമ്മിതിക്കാവശ്യമായ സാധന
സാമഗ്രികൾ വിശ്വാസികൾ ചുമന്നു കൊണ്ടുവരികയായിരുന്നു . കൽപണിക്കാവശ്യമായ കുമ്മായം ,
കാട്ടുവള്ളി നീരും , വിരാൽ മത്സ്യത്തിന്റെ കൊഴുപ്പും ഉപയോഗിച്ചും കുമ്മായക്കല്ലിൽ
ആട്ടിയെടുക്കുകയായിരുന്നു . പ്രസ്തുത കല്ല് ഒരു ചരിത്രസ്മാരകമായി അവശേഷിക്കുന്നു .
പ്രസിദ്ധരായ മൂഴിക്കുളം കല്ലാശാരി മാർ ഒരൊറ്റ ആണിക്കല്ലിൽ ഉറപ്പിച്ച പഴയപള്ളിയുടെ
മദ്ബഹ ഇന്നും കേടുകൂടാതെ സംരക്ഷിക്കുന്നു .
വിശ്വാസികളുടെ ആവശ്യത്തിന് മതിയാകാതെ വന്നപ്പോൾ 1991 അന്നത്തെ വികാരി
റവ.ഫാ. ജെയിൽസ് ചേറ്റുപുഴക്കാരൻ അച്ചന്റെ നേതൃത്വത്തിൽ പുതിയ പള്ളിയുടെ
നിർമ്മാണത്തിന് അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം തിരുമേനി തറക്കല്ലിട്ടു . 1995
മാർച്ച് 25 ന് പൗരസ്ത്യ , പോർച്ചുഗീസ് , റോമൻ വാസ്തുശില്പങ്ങളുടെ ഒത്തുചേരലായ പുതിയ
ദേവാലയം കൂദാശ ചെയ്യപ്പെട്ടു .
പള്ളിയുടെ വടക്ക് നായരങ്ങാടിയിൽ വെള്ളറ ശ്രീ.പറിഞ്ചുകുട്ടി മക്കളായി
അന്തോണി , തരുതു തോമാസ് എന്നിവർ സംഭാവനയായി നൽകിയ സ്ഥലത്ത് 1955 ൽ ശ്രീ ഒലക്കേങ്ങിൽ
അന്തപ്പൻ ഔസേപ്പ് നിർമ്മിച്ച വി.യൗസേപ്പിതാവിന്റെ കപ്പേളയും 1982 - ൽ ശതാബ്ദി
സ്മാരകമായി തെക്ക്ഭാഗത്ത് കച്ചേരിപ്പടിയിൽ ശ്രീ മാറോക്കി ചാക്കുണ്ണി ളൂവീസ്
വി.അന്തോണീസ് പുണ്യവാന്റെ കപ്പേളയും പണിയിച്ച് പള്ളിക്ക് നൽകിയിട്ടുണ്ട് .
പള്ളിയുടെ മുൻവശത്ത് സ്ഥിതി ചെയ്യുന്ന ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ 1984 ൽ
അന്തരിച്ച തലക്കോട്ടൂർ പറഞ്ചപ്പൻ ജോബ് പണിയിച്ചതാണ് . 1981 -ൽ പള്ളിയിൽ നിന്ന് നൽകിയ
സ്ഥലത്ത് 1982 - ൽ ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് കോൺവെന്റ് ആരംഭിച്ചിട്ടുണ്ട് .
ഇതിനോടനുബന്ധിച്ച് സേക്രഡ് ഹാർട്ട് കോൺവെന്റ് എൽ.പി.സ്കൂൾ പ്രവർത്തിക്കുന്നു . ഈ
സംരംഭങ്ങൾക്ക് നേതൃത്വം നൽകിയത് അന്നത്തെ വികാരി റവ.ഫാ.ജോൺ ചെറുവത്തൂർ അച്ചൻ
ആയിരുന്നു . 2015 - ൽ മാറോക്കി ചാക്കുണ്ണി തോമാസ് സ്വന്തം സ്ഥലത്ത് വി.അൽഫോൺസാമ്മ
യുടെ ഒരു കപ്പേളയും തലക്കോട്ടൂർ ഇട്ടേച്ചൻ കുരിയാക്കോസ് നൽകിയ സ്ഥലത്ത് സെന്റ്
തോമാസ് കുടുംബ യൂണിറ്റ് അംഗങ്ങൾ വി.തോമാശ്ലീഹാ യുടെ കപ്പേളയും പണിതു .
ഇടവകയിൽ തിരുബാലസഖ്യം , സി.എൽ.സി.ജൂനിയർ , ആൾത്താരസംഘം , സി.എൽ.സി.സീനിയർ
, കെ.സി.വൈ.എം, കത്തോലിക്ക കോൺഗ്രസ്സ് , വിൻസന്റ് ഡിപോൾ , മാതൃസംഘം ,
പിതൃസംഘം , ലീജിയൺ ഓഫ് മേരി , ഫ്രാൻസിസ്കൻ ആത്മായസഭ , പ്രാർത്ഥനാ കൂട്ടായ്മ എന്നീ
ഭക്തസംഘടനകളും എഫ്.കെ.എം.ചാരിറ്റബിൾ ട്രസ്റ്റും മദ്യവിരുദ്ധ സമിതിയും
പ്രവർത്തിക്കുന്നു . 9 കുടുംബസമ്മേളന യൂണിറ്റുകൾ നിലവിലുണ്ട് .
ആറ്റുപുറം ഇടവക പൂർണ്ണമായും അഞ്ഞൂർ ഇടവക ഭാഗികമായും ഇവിടെ നിന്ന് വേർത്തിരിഞ്ഞതാണ്
. വ്യാഴാഴ്ച തോറും നടത്തപ്പെടുന്ന ഇടവക മദ്ധ്യസ്ഥന്റെ പ്രത്യേക തിരുനാളിന് ധാരാളം
ഭക്തജനങ്ങൾ എത്താറുണ്ട് . വിശുദ്ധന്റെ നവനാൾ , തിരുന്നാളായി ആഘോഷിക്കാറുണ്ട് .
പ്രധാന തിരുനാൾ ഈസ്റ്റർ കഴിഞ്ഞ് 10 -ാം ദിവസമാണ് .
30 വീട്ടുക്കാരായി ആരംഭിച്ച ഇടവകയിൽ ഇപ്പോൾ 326 വീട്ടുക്കാരുണ്ട് .
സമീപപ്രദേശങ്ങളിലേക്കും പട്ടണങ്ങളിലേക്കും മാറിത്താമസിച്ചവർ അനേകരാണ്.
നാളിതുവരെയായി 4 വൈദികരും,ഒരു കപ്പുച്ചിൻ ബ്രദറും ,12 സന്യാസിനിമാരും
സമർപ്പിതരായിട്ടുണ്ട് . ഇടവകാംഗമായ ശ്രീ.ടി.എ.കുരി യാക്കോസ് മാസ്റ്റർ സ്ഥാപിച്ച
സെന്റ് ഫ്രാൻസിസ് യു.പി.സ്കൂൾ ഈ ഇടവക അതിർത്തിയിലാണ് . ഇടവക ജനങ്ങൾ കൃഷി , കച്ചവടം
, സർക്കാർ ജോലി , ബാങ്കിംഗ് , അദ്ധ്യാപനം തുടങ്ങിയ വിവിധ ജോലികളിൽ വ്യാപൃതരാണ് .
ധാരാളം പേർ ഇന്ത്യയിലെ വിവിധപട്ടണങ്ങളിലും ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി
നോക്കുന്നു .